Irinjalakuda History

മതമൈത്രിയുടെ സംഗമഭൂമി (പി.കെ ഭരതന്‍)


നിങ്ങള്‍ കൂട്ടായി നടക്കുക, അന്വേന്യം വെറുപ്പില്ലാത്ത രീതിയില്‍ സംസാരിക്കുക. നിങ്ങളുടെ മനസ്സ്‌ ഏകരൂപമാകട്ടെ എന്ന്‌ ഋഗ്വേദത്തില്‍ പറയുന്നുണ്ട്‌. ഈ വചനത്തെ സ്വാര്‍ത്ഥകമാക്കുന്നതാണ്‌ ഇരിങ്ങാലക്കുടയുടെ സംസ്‌ക്കാരം. എന്റെ ആലയം സകല ജാതിക്കാരുടേയും പ്രാര്‍ത്ഥനാലയമാണ്‌. അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീര്‍ക്കരുത്‌ എന്ന ക്രിസ്‌തു വചനം ഇരിങ്ങാലക്കുടയെ സംബന്ധിച്ച്‌ പ്രസക്തമാണ്‌. കൂടല്‍മാണിക്യം ക്ഷേത്രം, സെന്റ്‌ തോമസ്‌ കത്തീഡ്രല്‍, ജുമാമസ്‌ജിദ്‌ തുടങ്ങി നിരവധി ക്ഷേത്രങ്ങളും പള്ളികളുമെല്ലാം പരസ്‌പരം ആദരപൂര്‍വ്വം വീക്ഷിക്കുന്നതായിട്ടാണ്‌ നാം കാണുന്നത്‌. മറ്റു മതങ്ങളെ ആദരവോടെ വീക്ഷിക്കുമ്പോഴാണ്‌ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ശ്രീനാരായണ വചനം പ്രസക്തമാതകുന്നത്‌്‌. വാക്കും പ്രവര്‍ത്തിയും മനുഷ്യ നന്മയ്‌ക്കായി അര്‍പ്പിക്കുവാന്‍ വെമ്പുമ്പോള്‍ എവിടെയാണ്‌ കലാപമുണ്ടാകുക? അശാന്തിയുണ്ടാകുക? സമബുദ്ധിയോടും സമഭക്തിയോടും കൂടി മതങ്ങളെ എല്ലാവരും പഠിച്ചറിയുവാന്‍ ശ്രമിക്കട്ടെ. മതം നിമിത്തമല്ല മദം നിമിത്തമാണ്‌ മനസ്സ്‌ കലുഷിതമാകുന്നതെന്ന്‌ ശ്രീനാരായണ ഗുരു നമ്മെ ഓര്‍മ്മിപ്പിച്ചിരുന്നു. ഇരിങ്ങാലക്കുട ശ്രീനാരായണ സന്ദേശങ്ങള്‍ ഏറെ പ്രചരിപ്പിക്കപ്പെട്ട ഒരിടം കൂടിയാണല്ലോ. ഖുറാനില്‍ പറയുന്നുണ്ട്‌, ഏതു ദിശയില്‍ നിങ്ങള്‍ തിരിഞ്ഞിരുന്നാലും അവിടെ നിങ്ങള്‍ക്കു ദൈവത്തെ ദര്‍ശിക്കാമെന്ന്‌. വിവിധ ധര്‍മ്മങ്ങളോടു കൂടി വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഈ ഭൂമിയില്‍ സമാധാനപരമായി വസിക്കുന്നു. നന്മ വരട്ടെ എന്നാണ്‌ അഥര്‍വ്വവേദം ഉദ്‌ബോധിപ്പിച്ചത്‌. നമുക്ക്‌ അഹിതമായത്‌ മറ്റുള്ളവരോട്‌ പ്രവര്‍ത്തിക്കുവാന്‍ ഇരിങ്ങാലക്കുടക്കാര്‍ക്ക്‌ കഴിയില്ല. അതാണ്‌ ഇവിടെ സമാധാനപരമായി വസിക്കാന്‍ കഴിയുന്നത്‌. ഒരു വിഭാഗത്തോടുള്ള വിദ്വേഷം നീതി വിട്ടു പ്രവര്‍ത്തിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്‌. നീതി പാലിക്കുക അതാണ്‌ ഭക്തി മാര്‍ഗ്ഗമെന്നാണ്‌ ഖുര്‍ആന്‍ അനുശാസിക്കുന്നത്‌. എല്ലാ ഇരിങ്ങാലക്കുടക്കാരന്റേയും മനസ്സില്‍ ഈ ശാസനകളുറങ്ങുന്നുണ്ട്‌ എന്നാണ്‌ തോന്നുന്നത്‌. അതിനുതക്ക രീതിയിലുള്ള സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്‌ത പൂര്‍വ്വസൂറികളോടാണ്‌ നാം കടപ്പെട്ടിരിക്കുന്നത്‌. കാണുന്ന തന്റെ അയല്‍ക്കാരനെയാണ്‌ കാണാത്ത ദൈവത്തേക്കാള്‍ സ്‌നേഹിക്കേണ്ടതെന്ന്‌ ഒരു ഉള്‍വിളി ഇരിങ്ങാലക്കുടക്കാരനില്‍ രൂഢമൂലമാകാന്‍ ആസ്‌തികരായവരും നാസ്‌തികരായവരുമായ ആ സ്‌നേഹധനരുടെ പ്രയത്‌നമാണ്‌ നാം അനുഭവിക്കുന്ന സമാധാനം.

കേരളത്തില്‍ മതമൈത്രിക്കു വേണ്ടി ഒരു നിലയമുണ്ടെങ്കില്‍ അത്‌ ഇരിങ്ങാലക്കുടയിലുണ്ടെന്ന്‌ നമുക്ക്‌ ഉറപ്പിച്ചു പറയാം. മറ്റെവിടെയെങ്കിലുമുണ്ടോ എന്നത്‌ ഒരു ക്വിസ്സ്‌ മത്സരത്തിലെ ചോദ്യമായിരിക്കട്ടെ. അതുപോലെ മറ്റൊന്നാണ്‌ ശ്രീനാരായണ സ്‌തൂപം. ജാതിമതവര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി മാനവസമൂഹം ഏകവും അഖണ്ഡവുമാണെന്ന്‌ ദര്‍ശനവും ശാസ്‌ത്രീയ വീക്ഷണവുമാണ്‌ ശ്രീനാരായണ ഗുരു വിഭാവനം ചെയ്‌തത്‌. അശോക ചക്രവര്‍ത്തിയുടെ ശാസനകളും, സ്‌തംഭങ്ങളും. സ്‌തൂഭങ്ങളുമെല്ലാം ധര്‍മ്മപ്രചാരണ വ്യഗ്രതയുടെ മാതൃകകളായിരുന്നു. അത്തരമൊരു സ്‌തൂപം ഇരിങ്ങാലക്കുടയിലല്ലാതെ മറ്റെവിടെയാണ്‌. അഭിവന്ദ്യനായ സി.ആര്‍ കേശവന്‍ വൈദ്യരുടേയും അദ്ദേഹത്തിന്റെ സന്തതസഹചാരികളായിരുന്ന എം.സി ജോസഫ്‌ തുടങ്ങിയ മനീഷികളുടെയുമൊക്കെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഇരിങ്ങാലക്കുടയുടെ മതമൈത്രി നിലനിര്‍ത്തുന്നതില്‍ ശ്രദ്ദേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.

ദേവാലയങ്ങള്‍ക്കു പൂറമെ കലാലയങ്ങള്‍ക്കും മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കാനായിട്ടുണ്ട്‌. ഉണ്ണായിവാര്യര്‍ കലാനിലയം, ചാച്ചുചാക്യാര്‍ സ്‌മാരക ഗുരുകുലം, നടനകൈരളി, കഥകളിക്ലബ്ബ്‌, നാദോപാസന ആര്‍ട്‌സ്‌, കേരള കലാവേദി തുടങ്ങി നിരവധി കലാസമിതികള്‍ക്കും കലാപഠന കേന്ദ്രങ്ങള്‍ക്കുമെല്ലാം മതേതരമായ കാഴ്‌ചപ്പാടുണ്ടാക്കുന്നതിനും, മതസഹിഷ്‌ണുത പാലിക്കുന്നതിനുമുള്ള മനോഭാവമുണ്ടാക്കുന്നതിനും സാധിച്ചിട്ടുണ്ട്‌ എന്നത്‌ വാസ്‌തവമാണ്‌. ഇരിങ്ങാലക്കുടയുടെ ഭൂപ്രകൃതിയുടെ പ്രത്യേകത ഗ്രാമീണ സൗഭാഗ്യസ്‌മൃതികളാണ്‌ നമ്മിലുണര്‍ത്തുക. നെല്‍പ്പാടങ്ങള്‍ക്കും തെങ്ങിന്‍തോപ്പുകള്‍ക്കും ഇടയിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സുഖാനുഭൂതിയുടെ തെന്നല്‍ സ്‌പര്‍ശം. നടയില്‍ നിന്നും ഠാണാവിലേക്കുള്ള യാത്രയില്‍ അനുഭവപ്പെടുന്ന വ്യവഹാരവും ആവാസവും തിരിച്ചറിയാനാകാത്ത നഗരദര്‍ശനം. ഇരിങ്ങാലക്കുടയുടെ മനസ്സ്‌ ഇതിലൂടെ വായിക്കാമെന്ന്‌ തോന്നുന്നു. ഗ്രാമീണ നിഷ്‌കളങ്കത കൈവിടാന്‍ മടിക്കുന്ന പെണ്‍കൊടി. ആകര്‍ഷകമായ നഗരവിഭ്രാന്തിയില്‍ മയങ്ങാന്‍ ഭയക്കുന്ന വീട്ടുക്കാരി. ഒരു മദ്ധ്യവര്‍ഗ്ഗ സംസ്‌ക്കാരത്തിന്റെ ധാര്‍മ്മികമൂല്യങ്ങളും ആചാരഉപചാര സംസ്‌കൃതിയും കൈവിടാന്‍ മടിക്കുന്ന ചെറു നഗരമാണിവള്‍.

ഇരിങ്ങാലക്കുടയുടെ സമീപപ്രദേശങ്ങളുടെ ചിലമ്പൊലികള്‍ നമുക്കിവിടെയിരുന്നാല്‍ കേള്‍ക്കാം. തൃക്കണാമതിലകത്ത്‌ ഇളങ്കോവടികളുടെ ചിലപ്പതികാരത്തിന്റെ അരമണികിലുക്കം. പുരാതന തലസ്ഥാന നഗരിയുടെ ഉറങ്ങുന്ന ചരിത്രസ്‌മൃതികള്‍ കണ്ണടച്ചു തുറന്നാല്‍ കാണുന്നത്‌ കൊടുങ്ങല്ലൂര്‍. മതങ്ങളുടെ സംഗമഭൂമിയാണ്‌ കൊടുങ്ങല്ലൂര്‍. ഇസ്ലാംമതവും ക്രിസ്‌തുമതവും കടന്നുവന്ന വാതില്‍മാടം. ജൂതന്മാരുടേയും, കുടുംബികളുടേയും അഭയഭൂമി. ഇവയിലെല്ലാം പലജാതികളും മതങ്ങളും ഒന്നിച്ചുള്ള സഹവര്‍ത്തിത്വകഥകളും അനുഭവവിശേഷങ്ങളും കാണാറൂണ്ട്‌. എ.ഡി 68-ല്‍ ജറുസലേമിലെ പള്ളി റോമാക്കാരാല്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ ജൂതന്മാര്‍ കൂട്ടത്തോടെ കൊടുങ്ങല്ലൂരിലേക്കു വന്നു എന്ന ഒരു കഥ. എ.ഡി 52-ല്‍ സെന്റ്‌ തോമസ്‌ കൊടുങ്ങല്ലൂരില്‍ വന്നുവെന്നും അഴീക്കോട്‌ പള്ളി പണിതുവെന്നും മറ്റൊരു കഥ. വില്യംലോഗന്റെ മലബാര്‍ മാന്വലില്‍ പറയുന്ന വേറൊരു കഥയില്‍ ഇസ്ലാംമതം കേരളത്തില്‍ പ്രചരിപ്പിക്കാനിടയായ സംഭവം വിവരിക്കുന്നു. കേരളോല്‍പ്പത്തിയില്‍ ചേരമാന്‍ പെരുമാള്‍ രാജ്യം പങ്കിട്ട്‌ കൊടുത്ത്‌ ഇസ്ലാംമതം സ്വീകരിച്ചതിന്റെ അടിസ്ഥാനമായി പടമലനായരെ കൊന്നതിന്റെ പാപപരിഹാര്‍ത്ഥമാണ്‌. നാലാം വേദത്തില്‍ വിശ്വസിച്ച്‌ മക്കയിലേക്കു തീര്‍ത്ഥയാത്ര പോയതെന്നു പരാമര്‍ശിക്കുന്നു. പോര്‍ച്ചുഗീസുക്കാരുടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്നും രക്ഷപ്പെട്ട്‌ ഗോവയില്‍ നിന്നും വന്ന കുടുംബിനികളുടേയും, കൊങ്കിണികളുടേയും കഥ ഇതിനോടു കൂടി ചേരുന്നു. ഇങ്ങിനെ എത്രയെത്ര കഥകളാണ്‌ ജനജീവിതവും സംസ്‌ക്കാരവും, അധികാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതെന്നു കാണാം. ഈ മതസംഗമകേന്ദ്രത്തില്‍ നിന്നും വടക്കോട്ട്‌ ഒരു ഒഴുക്ക്‌ ഉണ്ട്‌. ഏറെ സംസ്‌ക്കരിക്കപ്പെട്ട്‌ മതമൂല്യങ്ങളുടേയും സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും സുഗന്ധം പുരണ്ട വഴികളാണവ. ഇരിങ്ങാലക്കുടയില്‍ ഇവയെല്ലാം കൂടിച്ചേരുന്നു. സാസ്‌ക്കാരിക സ്രോതസ്സുകള്‍ കൂടിച്ചേരുന്ന ഇടമാണ്‌ കൂടല്‍മാണിക്യം. ചാലക്കുടിപ്പുഴ കരുവന്നൂര്‍പ്പുഴ പ്രാണജലം നല്‍കി സംരക്ഷിച്ചു പോരുന്ന പ്രദേശത്തു വച്ചാണ്‌ മാണിക്യവാസന്‍ എന്ന പ്രസിദ്ധനായ ശൈവസന്യാസിയുമായി അലക്‌സാണ്ടറായ സര്‍വ്വകലാശാലദ്ധ്യക്ഷനായിരുന്ന 'പാന്തേനൂസ്‌' സംവാദത്തിലേര്‍പ്പെട്ടത്‌. ക്രിസ്‌ത്യാനികള്‍ക്ക്‌ ആത്മീയനേതൃത്വം നല്‍കാന്‍ പര്യാപ്‌തമായ അവസരമുണ്ടായത്‌ അ്‌ങ്ങിനെയാണ്‌. ഇങ്ങിനെ ഇരിങ്ങാലക്കുടയിലെത്തുമ്പോള്‍ മത സന്ദേശങ്ങള്‍ക്ക്‌ പ്രാദേശിക മതസൗഹാര്‍ദ്ദഭാവങ്ങളുണ്ടാകുന്നു. കൂടല്‍മാണിക്യ സ്വാമികള്‍ തന്റെ സ്വന്തം ഭൂമിയിലൂടെ വര്‍ഷം തോറും ആറാട്ടിനായി കൂടപ്പുഴയ്‌ക്കും, രാപ്പാള്‍ കടവിലേക്കും യാത്രപോകുന്നു. ഈ യാത്രയില്‍ നാനാജാതി മതസ്ഥര്‍ക്ക്‌ അഭിവാദ്യവും അനുഗ്രഹവും ചൊരിയുന്നു. സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും സന്ദേശമുണര്‍ത്തുന്ന ഈ ആഹ്‌ളാദയാത്രയില്‍ ഇരിങ്ങാലക്കുടയുടെ ശാന്തിയും സംത്യപ്‌തിയും അന്തര്‍ധാരയൊരുക്കുന്നു. ഇതൊരു സമാധാന സന്ദേശയാത്രയാകുന്നു. നാടുനീളെ നിറപറകളേറ്റു വാങ്ങുമ്പോഴുണ്ടാകുന്ന ആത്മഹര്‍ഷത്തിന്‌ കാരണങ്ങളുണ്ട്‌. മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുമ്പോഴും ത്യാഗം അനുഷ്‌ഠിക്കുമ്പോഴുണ്ടാകുന്ന സംതൃപ്‌തിയായി നമുക്കതിനെ വ്യാഖ്യാനിക്കാം. ഇരിങ്ങാലക്കുടയുടെ വികസനത്തിനും സാസാംസ്‌ക്കാരിക ഉതകുന്ന കൊടുക്കല്‍ വാങ്ങലുകളാണിവ. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ക്രൈസ്റ്റ്‌ കോളേജായാലും സെന്റ്‌ ജോസഫ്‌സ്‌ കോളേജായാലും, കോടതിയായാലും, പള്ളിയായാലും, പള്ളിക്കൂടങ്ങളായാലുമെല്ലാം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഒരു മൂലധാരത്തില്‍ നിന്നു പകര്‍ന്നു പോന്ന ഏതെങ്കിലും ഒരു കഥയുടെ നാപുഭാഷ്യമുണ്ടാകാതിരിക്കില്ല. ക്രൈസ്‌തവ സമൂഹത്തിനും, ഇസ്ലാം സമൂഹത്തിനുമെല്ലാം ഉള്ളിന്റെയുള്ളില്‍ ഈ മൈത്രീഭാവം സ്വാഭാവികേന ഉണ്ടാകുന്നത്‌ അതുകൊണ്ടായിരിക്കാം.

കേരളത്തിന്റെ ആദ്ധ്യാത്മികവും, മതപരവും, കലാപരവുമായ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കുന്നതിനും പ്രാപ്‌തരായ മനീഷികളുടേയും സാസ്‌ക്കാരിക നേതാക്കന്മാരുടേയും കേന്ദ്രം കൂടിയാണ്‌ ഇരിങ്ങാലക്കുട. ഈ നായകന്മാര്‍ ഏതെങ്കിലും ഒരു മതത്തിന്റേയോ ജാതിയുടേയോ പ്രദേശത്തിന്റേയോ മാത്രം സ്വകാര്യ സ്വത്തായല്ല ഇരിങ്ങാലക്കുടക്കാര്‍ കണക്കാക്കിയത്‌. ഉണ്ണായിവാര്യര്‍ കൂടല്‍മാണിക്യത്തിലും ക്രൈസ്റ്റ്‌ കോളേജിലും സെന്റ്‌ ജോസഫ്‌സ്‌ കോളേജിലും നാടിന്റെ ഓരോ സ്‌പന്ദനത്തിലും നിറഞ്ഞു നില്‍ക്കുന്ന പ്രതിഭാധനനായിരുന്നു. കേരളത്തില്‍ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തും ഒരു പോലെ ആരാധിക്കപ്പെടുന്ന വിഗ്രഹമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ഇരിങ്ങാലക്കുടക്കാരന്റെ മനസ്സിലും ഉണ്ണായിവാര്യരുണ്ട്‌. വ്യത്യസ്‌ത ജാതിമത പ്രാദേശികതകളെ അതിജീവിച്ച്‌ നില്‍ക്കാന്‍ കഴിയുന്ന ഇരിങ്ങാലക്കുടക്കാരുടെ സ്വന്തമായ ഒരു ലൈറ്റ്‌ഹൗസാണ്‌ അദ്ദേഹം. സങ്കുചിത താത്‌പര്യങ്ങളിലേക്ക്‌ വഴി തെറ്റി പോകുന്നവര്‍ക്ക്‌ അദ്ദേഹം ദിശാബോധം നല്‍കുന്നു. ആധുനിക ചരിത്രത്തില്‍ നാഴികകല്ലായത്‌ മറ്റൊരു അഭിനയ പ്രതിഭയാണ്‌. അമ്മന്നൂര്‍ മാധവചാക്യാര്‍ യുനെസ്‌കോയുടെ ആദരവ്‌ ഏറ്റുവാങ്ങുകയെന്നാല്‍ ഏറ്റവും വലിയ മനുഷ്യസ്‌നേഹിയെന്ന്‌ അംഗീകരിക്കുക എന്നതു തന്നെയാണ്‌. കൂടല്‍മാണിക്യം ക്ഷേത്രാങ്കണത്തില്‍ നിന്നുകൊണ്ടു ഇരിങ്ങാലക്കുടക്കാരുടെ മാത്രമല്ല ലോകത്തിന്റെ തന്നെ പൊതുനന്മയ്‌ക്കായി അദ്ദേഹം വളരുകയായിരുന്നു. അദ്ദേഹത്തിന്റെ കാല്‍നഖേന്ദുമരീചികള്‍ തേടി വന്ന്‌ ലോകത്തെ ഇരിങ്ങാലക്കുടയിലേക്കെത്തിക്കുന്നു. വേണുജിയേപ്പോലുള്ള നിരവധി കലാകാരന്മാരും മതേതരത്വത്തിന്റേയും സഹിഷ്‌ണുതയുടേയും സാര്‍വ്വലൗകീകമായ മാനവിക ധാര്‍മ്മിക മുദ്രകളാണ്‌ ലോകത്തിനു നല്‍കുന്നത്‌. വിശ്വാസത്തിന്റെ നെയ്യത്തിരിയും മെഴുകുതിരിയും ഇരിങ്ങാലക്കുടക്കാര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. ക്ഷേത്രത്തില്‍ ലക്ഷദീപം നേരാനും, കൂറ്റന്‍ മെഴുകുതിരികള്‍ മാപ്രാണത്ത്‌ കുരിശുപള്ളിയില്‍ തെളിയിക്കാനും ഒരേ മനസ്സോടുകൂടി സാധിക്കുന്നവരാണ്‌ ഇരിങ്ങാലക്കുടക്കാര്‍. ഹിന്ദുക്കള്‍ക്കും, ക്രിസ്‌ത്യാനികള്‍ക്കും, മുസ്ലീമുകള്‍ക്കും മറ്റു വിഭാഗക്കാര്‍ക്കുമൊന്നും ഇത്തരം ആചാരങ്ങളില്‍ അനിഷ്ടമോ അപ്രീതിയോ അല്ല മറിച്ച്‌ ആദരവാണ്‌. മതവിശ്വാസങ്ങളുടെ വിഭാഗീയതകള്‍ക്കപ്പുറത്താണ്‌ ഇവിടത്തുക്കാരുടെ ആചാര വിശേഷങ്ങള്‍. ഒരു ആഘോഷമോ, ഉത്സവമോ, പെരുന്നാളോ മഴയില്‍ അലങ്കോലപ്പെടാതിരിക്കാന്‍ ഓരോ ഇരിങ്ങാലക്കുടക്കാരനും പ്രാര്‍ത്ഥിക്കും വഴിപാടുകള്‍ നേരും. കൂടല്‍മാണിക്യ സ്വാമിക്ക്‌ ഒരു താമരമാല നേരുമ്പോള്‍ അവന്‌ ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമുണ്ടാകുന്നു. പിണ്ടിപെരുന്നാളും, കൂടല്‍മാണിക്യം ഉത്സവവും, വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്‌ഠിയും, നോമ്പുതുറക്കലുമെല്ലാം എല്ലാവരുടേയും പരസ്‌പരമുള്ള ആദരവും പങ്കാളിത്തവും കൊണ്ട്‌ ശ്രേഷ്‌ഠതരമാകുന്നു. ഓരോരുത്തരുടേയും ആചാരങ്ങളേയും അനുഷ്‌ഠാനങ്ങളേയും മറ്റു സമൂഹങ്ങള്‍ കൂടി ആദരിക്കുമ്പോഴും അംഗീകരിക്കുമ്പോഴുമാണ്‌ അതിന്‌ ഔന്നത്യമുണ്ടാകുന്നത്‌. മാപ്രാണത്ത്‌ കപ്പേളയില്‍ ആളുയരത്തിലുള്ള ആയിരക്കണക്കിന്‌ മെഴുകുതിരികളാണ്‌ കത്തിത്തീരുന്നത്‌്‌. ഇവയില്‍ മഹാഭൂരിപക്ഷവും അന്യമതസ്‌തരാണ്‌ എന്നത്‌ മതമൈത്രിയും സഹിഷ്‌ണുതയ്‌ക്കുമുള്ള ഒരു അടയാളപ്പെടുത്തല്‍ മാത്രമാണ്‌.

പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതിനും സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടി ഇരിങ്ങാലക്കുടക്കാര്‍ മുന്നില്‍ വന്നിട്ടുണ്ട്‌. പക്ഷേ അവയൊന്നും തന്നെ സാമൂഹികമോ, ജാതീയമോ, മതപരമോ ആയ സ്‌പര്‍ദ്ധകള്‍ക്കോ വൈരാഗ്യങ്ങള്‍ക്കോ ഇടവന്നിട്ടില്ല. സാമൂഹ്യമായ കാഴ്‌ചപ്പാടുകളിലെ ഉന്നതമായ ആദര്‍ശങ്ങളേയും സാമൂഹ്യനീതിയെ സംരക്ഷിക്കാനുള്ള മനോഭാവത്തേയുമാണ്‌ കാണിക്കുന്നത്‌. കിംവദന്തികള്‍ക്കും കുപ്രചാരണങ്ങള്‍ക്കും എളുപ്പം കത്തിപ്പടരാവുന്ന മനസ്സുള്ളവരല്ല ഇരിങ്ങാലക്കുടക്കാര്‍. കുട്ടംകുളം സമരനായകന്മാരായി പി.കെ കുമാരന്‍, കെ.വി ഉണ്ണി, പി.ഗംഗാധരന്‍, ശാരദകുമാരന്‍, ചക്കി ടീച്ചര്‍ തുടങ്ങിയവരെ ഇരിങ്ങാലക്കുടക്കാര്‍ ആദരവോടു കൂടി തന്നെയാണ്‌ കണ്ടത്‌. അതുപോലെ സ്വാതന്ത്ര്‌ൃ സമരസേനാനികളായിരുന്ന വട്ടപ്പറമ്പില്‍ ശങ്കരന്‍കുട്ടിമേനോന്‍, ഇ.ഗോപാലകൃഷ്‌ണമേനോന്‍, എം.ടി കൊച്ചുമാണി തുടങ്ങിയവരും നമ്മുടെ സ്‌മരണാഞ്‌ജലികളില്‍ നിറദീപങ്ങള്‍ അണയാതെ നില്‍ക്കുന്നു.

വെളിച്ചെണ്ണ, കാലിത്തീറ്റ, രുദ്രാക്ഷമാല, ഓട്ടുപാത്രങ്ങള്‍ എന്നിങ്ങനെയുള്ള വ്യവസായ വ്യാപാര മേഖലകളില്‍ തികഞ്ഞ മതമൈത്രിയുടേയും സഹകരണത്തിന്റേയും ചിത്രം നമുക്ക്‌ കാണാനാകും. പതിനെട്ടാം നൂറ്റാണ്ടില്‍ ശക്തന്‍തമ്പുരാന്‍ കാണിച്ചു തന്ന വഴികള്‍ സാമൂഹികമായ സൗഹാര്‍ദ്ദവും പാരസ്‌പര്യവും ഊട്ടിവളര്‍ത്തുന്നവയായിരുന്നു. മലഞ്ചരക്കു വ്യാപാര കേന്ദ്രമായ ഇരിങ്ങാലക്കുടയിലേക്കെത്തുവാനുള്ള ഷണ്‍മുഖം കനാലും സഞ്ചാര സ്വാതന്ത്രൃത്തിന്റെ പുതുവഴിയായിരുന്നു. പരമ്പരാഗത വ്യവസായങ്ങള്‍ക്ക്‌ പുതുജീവന്‍ നല്‍കുക വഴി നാട്ടിലെമ്പാടും പട്ടിണിയും പരിവട്ടവും കടന്നാക്രമിക്കാതിരിക്കാന്‍ സാധിച്ചിരുന്നു. വമ്പന്‍ പണക്കാരും ദരിദ്രരില്‍ ദരിദ്രരും ഇരിങ്ങാലക്കുടയില്‍ കുറവായിരുന്നതു കൊണ്ട്‌ ചൂഷണത്തിന്റെ തലങ്ങള്‍ താരതമ്യേന ചെറുതായിരുന്നിരിക്കാം. ഒരു പക്ഷേ അരക്ഷിതാവസ്ഥകളും പ്രകോപനങ്ങളും സമരകോലാഹലങ്ങളും കുറേയൊക്കെ കുറയുവാനും ഇതു കാരണമായിട്ടുണ്ടാകാം. പക്ഷികള്‍ കൂട്ടുകൂടാനാഗ്രഹിക്കുന്നത്‌ സമാധാനവും സന്തോഷവും ഉള്ള ഇടങ്ങളിലാണ്‌ അതുകൊണ്ടായിരിക്കാം ഇരിങ്ങാലക്കുടയിലെത്തുന്നവര്‍ക്ക്‌ ഇവിടെത്തന്നെ വീടൊരുക്കി സമാധാനപൂര്‍വ്വം ജീവിക്കണമെന്ന്‌ തോന്നുന്നത്‌.

1936-ല്‍ തന്നെ ഒരു മുനിസിപ്പാലിറ്റിയായിരുന്ന ഈ നഗരം കാലമേറെ ചെന്നിട്ടും കാര്യമായ മാറ്റങ്ങളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നു. കേരത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണങ്ങളിലൊന്നായ ഇരിങ്ങാലക്കുടയുടെ ഈ നിലപാടിന്‌ ഒരു കാരണം സന്തതമായ ഈ ശാന്തതയും മന്ദഗതിയുമായിരിക്കാം. ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ മൂല്യങ്ങളും വ്യക്തിത്വ വിശേഷങ്ങളും അഭിരുചികളും മാറ്റുമ്പോള്‍ ഇരിങ്ങാലക്കുടക്കാര്‍ അവരുടെ സവിശേഷതകള്‍ കൈവിടാന്‍ മടിക്കുന്നു. അവരുടെ നന്മകളെ മുറുകെ പിടിച്ചുകൊണ്ട്‌ സൗഹാര്‍ദ്ദപൂര്‍വ്വം പരസ്‌പരമറിഞ്ഞും ഇടപഴകിയും ജീവിക്കുന്നു. മറ്റൊരു നഗരത്തിലാണെങ്കില്‍ തൊട്ടടുത്ത ഒരുവനെ ഒരു പക്ഷേ തിരിച്ചറിയാനോ പരിചയപ്പെടാനോ ആഗ്രഹിക്കില്ല. എന്നാല്‍ ഇരിങ്ങാലക്കുടക്കാര്‍ക്ക്‌ സൗഹാര്‍ദ്ദപൂര്‍ണ്ണമായ തേന്‍മൊഴികളുണ്ട്‌. വീഴ്‌ചകള്‍ കാണാനുള്ള കണ്ണുണ്ട്‌. താങ്ങിയെഴുന്നേല്‍പ്പിക്കാനുള്ള കൈകളുണ്ട്‌. ഭൗതീകമായ വളര്‍ച്ചയില്‍ കുറവുണ്ടെന്നു സമ്മതിക്കുമ്പോഴും സാംസ്‌ക്കാരികമായ ഉയര്‍ച്ചയില്‍ ഇരിങ്ങാലക്കുടക്കാര്‍ ഒന്നാമത്‌, തന്നെയാണ്‌.