Irinjalakuda History

ഇരിങ്ങാലക്കുടയുടെ സാംസ്‌ക്കാരിക ചരിത്രം ഒരെത്തിനോട്ടം: പ്രൊഫ.ഇ.എച്ച്‌ ദേവി


കേരള ചരിത്രത്തിന്റെ അനസ്യൂതപ്രവാഹത്തിനിടയില്‍ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു ചെറു നഗരമത്രെ ഇരിങ്ങാലക്കുട. സംഭവബഹുലമായ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിക്കുവാനും, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ പരിവര്‍ത്തന പ്രക്രിയയുമായി ഇഴ ചേര്‍ന്നു നില്‍ക്കുവാനും ഭാഗ്യം ലഭിച്ചിട്ടുള്ള ഈ കൊച്ചുപട്ടണം അനന്യമായ സവിശേഷതകളുടെ ഉടമകൂടിയാണ്‌.

തൃശ്ശിവപേരൂരില്‍ നിന്നും 22 കിലോമീറ്റര്‍ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂപ്രദേശമായ ഇരിങ്ങാലക്കുടയുടെ സ്ഥലനാമം തന്നെ വിവിധ വ്യാഖ്യാനങ്ങള്‍ക്ക്‌ വിധേയമായി ഭവിച്ചിരിക്കുന്നു. വടക്കുഭാഗത്തുള്ള ചാലക്കുടിപ്പുഴയ്‌ക്കും, തെക്ക്‌ സ്ഥിതി ചെയ്യുന്ന കുറുമാലിപ്പുഴയ്‌ക്കും ഇടയിലുള്ള പ്രദേശമെന്ന നിലയില്‍ 'ഇരുചാലുക്ക്‌ ഇടൈ' എന്ന പേര്‍ വന്നത്‌ ലോപിച്ച്‌ ഇരിങ്ങാലക്കുടയായി എന്ന വിശ്വാസവുമുണ്ട്‌. ഈ രണ്ട്‌ നദികളും കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തനടുത്തുവച്ച്‌ സന്ധിച്ച്‌ തെക്കോട്ട്‌ ഒഴുകി കൊടുങ്ങല്ലൂര്‍ കായലില്‍ നിപതിച്ചിരുന്നതായി കരുതുന്നു. പില്‍ക്കാലത്ത്‌ പ്രകൃതിക്ഷോഭം മൂലം ഇവ രണ്ടും എടതിരിഞ്ഞ്‌ ഗതി മാറിപ്പോയ സംഭവം സചിപ്പിക്കുന്നതാണ്‌ എടതിരിഞ്ഞി എന്ന സ്ഥലനാമമെന്ന്‌ കരുതപ്പെടുന്നു. കുലീപനി മഹര്‍ഷി ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടത്തിയ യാഗാന്ത്യത്തില്‍ യജ്ഞദേവന്‍ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തിന്റെ കൂടെ ഇരുന്ന സംഭവത്തെ സൂചിപ്പിക്കുന്ന 'ഇരുന്നുശാലയില്‍ കൂടെ' എന്ന പരാമര്‍ശത്തിന്റെ ചുരുക്കപ്പേരാണ്‌ ഇരിങ്ങാലക്കുട എന്നും വിശ്‌സിക്കപ്പെടുന്നു. ക്ഷേത്രത്തിനു മുന്നില്‍ നിന്നിരുന്ന വലിയ ആലിനെ സൂചിപ്പിക്കുന്ന വിരിഞ്ഞ ആല്‍കൂടൈ എന്ന പദം രൂപപരിണാമം പ്രാപിച്ച്‌ ഇരിങ്ങാലക്കുടയായി എന്ന വേറൊരു വാദം നിലനില്‍ക്കുന്നു. ജൈനമത സ്വാധീനം ചേര്‍ന്ന സ്ഥലങ്ങള്‍ക്ക്‌ 'ഇരിങ്ങ' എന്ന ശബ്ദവുമായി ബന്ധമുണ്ടെന്നും (ഉദാ: ഇരിങ്ങണ്ണൂര്‍, ഇരിങ്ങോള്‍ക്കാവ്‌, ഇരിങ്ങാലൂര്‍) അതുകൊണ്ടു തന്നെ ഇരിങ്ങാലക്കുടയ്‌ക്ക്‌ പ്രസ്‌തുത നാമം ലഭിച്ചതെന്നും സ്ഥലനാമ ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നു. കുലശേഖരപ്പെരുമാളായ സ്ഥാണുരവിവര്‍മ്മയുടെ ലിഖിതത്തില്‍ ഇരിങ്ങാലക്കുടയെ 'ഇരിങ്കാടിക്കൂടല്‍' എന്നും ദേവനെ 'തിരുവിരുങ്കാടി തിരുവടി' എന്നും പരാമര്‍ശിച്ചിട്ടുണ്ട്‌.

പൊതുവെ ചെങ്കല്‍ പ്രദേശമായ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യക്ഷേത്രത്തിന്‌ പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശങ്ങള്‍ തീരദേശത്തോട്‌ സാമ്യം വഹിക്കുന്നതായി കാണാം. ഈ പ്രദേശത്തുള്ള ഭൂഗര്‍ഭപാളികളുടെ അടരുകളെക്കുറിച്ച്‌ നടന്ന ശാസ്‌ത്രപഠനങ്ങള്‍ ഇവിടുത്തെ ഭൂകമ്പസാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ഭൂതകാലത്ത്‌ നടന്നിരിക്കാവുന്ന കടലിന്റെ പിന്മാറ്റത്തെക്കുറിച്ചും തത്‌ഫലമായുയര്‍ന്നു വന്ന മണല്‍പ്രദേശത്തെക്കുറിച്ചുമുള്ള സാദ്ധ്യകളും ഇതോടൊപ്പം തന്നെ പരാമൃഷ്ടമായിട്ടുണ്ട്‌. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗം മുതല്‍ കാണുന്ന മണലിന്റെ ആധിക്യമുള്ള ഭൂമി, കിണര്‍ വെള്ളത്തിലെ ഓര്‌, മണലില്‍ പ്രത്യക്ഷപ്പെടുന്ന കക്ക മുതലായ ജീവികളുടെ അവശിഷ്ടങ്ങള്‍ ഇവയെല്ലാം ഇത്തരമൊരു സാദ്ധ്യതയിലേക്ക്‌ ശ്രദ്ധതിരിക്കുന്നു.

ഇരിങ്ങാലക്കുടയുടെ പ്രാക്‌ ചരിത്രകാലഘട്ടത്തെക്കുറിച്ചുള്ള വിശദപഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. ഈ മേഖളയിലെ പല പറമ്പുകളും കിളയ്‌ക്കുമ്പോള്‍ മഹാശിലാവശിഷ്ടങ്ങളായ നന്നങ്ങാടികളുടേയും ഗുഹാമുഖങ്ങളുടേയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവിടുത്തെ ചരിത്രാതീതക്കാലത്തെക്കുറിച്ചുള്ള വിശദമായ വിശകലനവും ഗവേഷണവും ശൈശവാവസ്ഥയില്‍ത്തന്നെ എന്നു പറയാം. ഏറെ അകലെയല്ലാതെ നിലക്കൊള്ളുന്ന കൊടുങ്ങല്ലൂരടുത്തുള്ള മുസിരിസ്‌ എന്ന കുറമുഖ നഗരത്തിന്റെ സമീപകാല ഉത്‌ഖനനം വളരെയേറെ ഉള്‍ക്കാഴ്‌ചകള്‍ പകര്‍ന്നു തന്നിരിക്കുന്ന ഇത്തരുണത്തില്‍ ഇരിങ്ങാലക്കുടയ്‌ക്കും പ്രസ്‌്‌തുത പ്രദേശവുമായുള്ള സാംസ്‌ക്കാരികമായ കൊടുക്കലുകളുടെ ചരിത്രം രേഖപ്പെടുത്താനുണ്ടായിരിക്കും എന്നതിന്‌ ധാരാളം സാദ്ധ്യതകളുണ്ട്‌.

ദക്ഷിണേന്ത്യന്‍ ചരിത്രത്തിന്റെ ആണിക്കല്ലുകളായി അറിയപ്പെടുന്ന സംഘകാലകൃതികളില്‍ ഇരിങ്ങാലക്കുട പരാമര്‍ശ വിധേയമാകുന്നില്ല. കേരളോത്‌പത്തിയുടെ പതിനെട്ടാമദ്ധ്യായത്തില്‍ പരശുരാമന്‍ യോഗ്യനായ ഒരു പുരോഹിതനെ കണ്ടെത്തി ഈ ഗ്രാമത്തില്‍ കൊണ്ടു വന്നിരുത്തിയതായി സൂചിപ്പിക്കുന്നുണ്ട്‌. ഇവിടെ മാലക്കെട്ടി ഉപജീവനം കഴിക്കുന്നതിനായി ഒരു പിഷാരടിയെ അനുവദിക്കുന്നതായി അതേ ഗ്രന്ഥത്തിന്റെ നാല്‍പത്തിയൊന്നാം അദ്ധ്യായത്തില്‍ കാണാം.

കുലശേഖര കാലഘട്ടത്തിന്റെ പെരുമാള്‍ ഭരണകാലത്ത്‌ ഇരിങ്ങാലക്കുട സവിശേഷ പ്രാധാന്യം നേടിയിരുന്നതായി അന്നത്തെ ലിഖിതങ്ങളില്‍ നിന്നും തെളിയുന്നു. എ.ഡി 844ല്‍ ഭരണമാരംഭിച്ച സ്ഥാണു രവിവര്‍മ്മന്റെ 11-ാം ഭരണവര്‍ഷത്തില്‍ പുറപ്പെടുവിച്ച കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ശാസനത്തില്‍ മൂഴിക്കുളം കച്ചത്തിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്ര ഊരാളവന്മാരേയും അനുയായികളേയും മാതൃഘാതകര്‍ക്കു തുല്യമായി കണക്കാക്കും എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. എ.ഡി 966-1021 കാലഘട്ടത്തില്‍ ഭരണം നടത്തിയിരുന്ന ഭാസ്‌ക്കര രവി നമ്പിനാരുടെ ലിഖിതത്തിലൂടെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്‌ പോട്ടയില്‍ ഉണ്ടായിരുന്ന വസ്‌തുവകകളുടെ ഒരു സമഗ്രചിത്രം ലഭ്യമാകുന്നു. സഭായോഗത്തിലെ 42 ഇല്ലക്കാരും 9 ഊരായ്‌മക്കാരുമടങ്ങുന്ന ഗ്രാമമായിരുന്നു ഇരിങ്ങാലക്കുട.

പെരുമാള്‍ ഭരണകാലത്ത്‌ 32 ബ്രാഹ്മണഗ്രാമങ്ങളുടേയും പ്രതിനിധികളായും പെരുമാളിന്റെ ഉപദേശക സമിതി അംഗങ്ങളായും മഹോദയപുരത്ത്‌ വര്‍ത്തിച്ചുവന്ന നാലുതളിയിലെ ബ്രാഹ്മണരില്‍ ചിങ്ങപുരം തളിയുടെ തളിയാതിരിമാര്‍ ഇരിങ്ങാലക്കുട ഗ്രാമക്കാരായിരുന്നു. പ്രസ്‌തുത കാലഘട്ടത്തിലെ മറ്റൊരു രേഖയില്‍ ഭാസ്‌ക്കരപുരം എന്ന ചെറുപട്ടണം സ്ഥാപിക്കുന്നതിലേക്കായി ആയിരക്കര കോതൈ കുമാരന്‍, ഊരന്‍ കുമാരന്‍ കോതൈ, നാകന്‍ കണ്ണന്‍, ഊരന്‍ കണ്ടന്‍ കുമരന്‍ എന്നീ വ്യക്തികള്‍ ഭൂമി ദാനം ചെയ്യുന്നതായി പരാമര്‍ശിച്ചിട്ടുണ്ട്‌. (ഭാസ്‌ക്കരപുരം തന്നെയാണ്‌ ഇരിങ്ങാലക്കുടയായത്‌ എന്ന അനുമാനം നിലവിലിരിക്കുന്നു). ഭാസ്‌ക്കരപുരത്തെ ചില കച്ചവടക്കാരെ 'ഉള്‍ക്ക്‌' എന്നറിയപ്പെടുന്ന തീരുവ അടയ്‌ക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നതായി ഡോ.എം.ജി.എസ്‌ നാരായണന്റെ Perumals of Kerala എന്ന ഗ്രന്ഥത്തില്‍ പ്രസ്‌താവിക്കുന്നുണ്ട്‌.

ഇരിങ്ങാലക്കുടയിലെ മഹാക്ഷേത്രമായ ശ്രീ കൂടല്‍മാണിക്യത്തില്‍ ജൈനമത തീര്‍ത്ഥങ്കരനായ ഭരതേശ്വരന്റെ ദിംബരരൂപത്തിലുള്ള വിഗ്രഹമാണ്‌ ഉപാസന മൂര്‍ത്തിയെന്നും, എട്ടാം നൂറ്റാണ്ടിലെ ഹൈന്ദവനവോത്ഥാനത്തിന്റെ സാഹചര്യത്തില്‍ പ്രസ്‌തുത ക്ഷേത്രം നവീകരിക്കപ്പെട്ടു എന്നുമുള്ള വാദം നിലവിലുണ്ട്‌. ഇതര ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇവിടെ കര്‍പ്പൂരാരാധന ഇല്ല എന്നതും പ്രസ്‌തുത വാദത്തിന്‌ ഉപോല്‍ബലകമാണ്‌. രേഖകളില്‍ ഇരിങ്ങാലക്കുടയെ നന്ദിഗ്രാമം എന്നു പരാമര്‍ശിക്കുന്നതും ഈ പ്രദേശത്തിന്റെ ജൈനമത സ്വാധീനം തെളിയിക്കുന്നു. (ഇരിങ്ങ എന്നതുപോലെ ഒരു ജൈനമത സംജ്ഞയായ്‌ 'നന്തി' നന്തിപുലം, നന്തിക്കര മുതലായ ഇരിങ്ങാലക്കുടയുടെ സമീപ പ്രദേശങ്ങളിലും കാണാമെന്നത്‌ സ്‌മരണീയമാണ്‌). സുപ്രസിദ്ധ ജൈനക്ഷേത്രമായ തൃക്കണാമതിലകത്തിന്റെ സാമീപ്യവും ഇവിടുത്തെ ജൈനമത സ്വാധീനത്തിന്‌ ആക്കം കൂട്ടിയ ഘടകമായിരുന്നിരിക്കാം.

സഭായോഗത്തിന്റെ ഭരണശേഷം കൊല്ലവര്‍ഷം അഞ്ഞൂറ്റിപ്പതിനേഴാം ആണ്ടില്‍ തച്ചുടയക്കൈമള്‍ ക്ഷേത്രത്തിന്റെ ഉടയോനായി അവരോധിക്കപ്പെട്ടു. അറ്റകുറ്റപ്പണികള്‍ ചെയ്യുവാന്‍ അധികാരമുള്ള ആള്‍ എന്നും സര്‍വ്വാധികാരി എന്നും തച്ചുടയക്കൈമള്‍ (തച്ച്‌ + ഉടയ + കൈമള്‍) എന്ന പദത്തിന്‌ അര്‍ത്ഥമാക്കാം. അഞ്ഞൂറ്റിപ്പതിനേഴാമത്‌ തുലാഞ്ഞായറ്റില്‍ എഴുതിയ 'കാരായ്‌മകരണമാവിത്‌' എന്നാ്‌ണ്‌ കൈമളുടെ അവരോധത്തെക്കുറിച്ച്‌ കൂടല്‍മാണിക്യം ഗ്രന്ഥവരിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. കായംകുളം രാജാവിന്‌ ക്ഷേത്രത്തില്‍ അധികാരസ്ഥാനം വരുന്നതിന്‌ ആധാരമായിത്തീര്‍ന്ന മാണിക്യക്കല്ലിന്റെ ചരിത്രവും പ്രസ്‌തുത ഗ്രന്ഥവരിയില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌.

ഇരിങ്ങാലക്കുട ഗ്രാമക്കാരായ നമ്പൂതിരിമാരും പെരുവനം ഗ്രാമക്കാരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന്‌ ഇരിങ്ങാലക്കുടക്കാര്‍ പെരുവനം ക്ഷേത്രോപാന്തത്തില്‍ അന്നത്തെ സമരമുറയായ 'പട്ടിണി' എന്ന നിരാഹാരസത്യാഗ്രഹം അനുഷ്‌ഠിച്ചതും ബ്രഹ്മഹത്യാപാപം ഒഴിവാക്കുന്നതിനായി അധികാരികള്‍ നടപടിയെടുത്തതും ചരിത്രരേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

ഹിന്ദുമതത്തിലെതന്നെ വിഭിന്ന ഘടകങ്ങളായ ശൈവ-വൈഷ്‌ണവ സങ്കല്‍പ്പങ്ങളുടെ സംഗമഭൂമി കൂടിയാണ്‌ ഇരിങ്ങാലക്കുട. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ വാതില്‍മാടത്തില്‍ തന്നെ ശിവനേയും വിഷ്‌ണുവിനേയും ദേവിയേയും ആരാധിച്ചു പോന്നു എന്നത്‌ ഒരു സവിശേഷതയത്രേ. നളചരിതത്തില്‍ ഉണ്ണായിവാര്യര്‍ 'ശാര്‍ങി-പിനാകി-പദാര്‍ച്ചന സീലന്‍' എന്നു നളനെ വിശേഷിപ്പിക്കുന്നത്‌ സ്‌മരണീയമാണ്‌. സമകാലിക ശൈശവ-വൈഷ്‌ണവ വിഭാഗങ്ങളുടെ കിടമത്സരത്തില്‍ നിന്നും തികച്ചും മോചിതമായിരുന്നു ഇരിങ്ങാലക്കുട ഗ്രാമം എന്നനുമാനിക്കാം.

ഗണിതശാസ്‌ത്രരംഗത്ത്‌ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സംഗ്രാമ മാധവന്‍ ഇരിങ്ങാലക്കുട സ്വദേശിയായിരുന്നു എന്നത്‌ ഏറെ അഭിനാര്‍ഹമാണ്‌.

മതസൗഹാര്‍ദ്ദത്തിന്റെ നാടായ ഇരിങ്ങാലക്കുടയില്‍ ഹിന്ദു-മുസ്ലീം-ക്രിസ്‌ത്യന്‍ സമുദായങ്ങളിലെ ജനങ്ങള്‍ സൗഹൃദവും സ്‌്‌നേഹവും പങ്കിട്ടു കഴിയുന്നു എന്നത്‌ തികച്ചും സ്‌്‌തുത്യര്‍ഹമാണ്‌. മതപ്രേരിതമായ സംഘര്‍ഷങ്ങളില്‍ നിന്നും ഇതഃപര്യന്തം ഈ ദേശം വിമുക്തമായി നിലകൊള്ളുന്നു.

മൂന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ തിരുനെല്‍വേലി, ഏര്‍വാടി, പാളയംകോട്ട്‌ മുതലായ സ്ഥലങ്ങളില്‍ നിന്നും വന്നവരാണ്‌ ഇരിങ്ങാലക്കുടയിലെ ആദ്യകാല മുസ്ലീംങ്ങള്‍. രാജഭരണകാലത്ത്‌ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന ഖാന്‍ കുടുംബക്കാരും, തുകല്‍ വ്യവസായത്തിലും, കുതിര സവാരിയിലും പ്രശസ്‌തരായ റാവുത്തന്മാരും, ഇരിങ്ങാലക്കുടയിലെ ആദ്യത്തെ മുസ്ലീം പള്ളി സ്ഥാപിക്കുന്നതിന്‌ സ്ഥലം സംഭാവന നല്‍കിയ പാളയംകോട്ടുക്കാരും ഇവിടുത്തെ പ്രശസ്‌ത മുസ്ലീം കുടുംബങ്ങളായിരുന്നു. എഴുന്നൂറിലേറെ മുസ്ലീം കുടുംബങ്ങള്‍ അധിവസിക്കുന്ന ഇരിങ്ങാലക്കുടയില്‍ അഞ്ച്‌ മതപഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കൊച്ചി രാജ്യം വാണ ശക്തന്‍ തമ്പുരാന്റെ നിര്‍ദ്ദേശാനുസരണം മുന്നൂറോളം കൊല്ലം മുമ്പ്‌ ഇരിങ്ങാലക്കുടയിലെത്തിച്ചേര്‍ന്ന ക്രിസ്‌ത്യാനികള്‍ ഇവിടുത്തെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസമേഖലകളില്‍ ശ്രദ്ദേയമായ സംഭാവനകള്‍ നല്‍കി. കൂടല്‍മാണിക്യം ക്ഷേത്രത്തിന്‌ സമീപം മെയിന്‍ റോഡില്‍ സ്ഥാപിതമായിരുന്ന പഴയ ചന്ത പിന്നീട്‌ കിഴക്കോട്ട്‌ മാറ്റുകയാണുണ്ടായത്‌. ക്ഷേത്രാവശ്യത്തിനു വേണ്ട പൂജാദ്രവ്യ്‌ങ്ങളും, പ്രഭുകുടുംബങ്ങള്‍ക്കു വേണ്ടിയിരുന്ന നിത്യോപയോഗ വസ്‌തുക്കളും വില്‍പ്പന നടത്തിയിരുന്നത്‌ ക്രിസ്‌ത്യാനികളായിരുന്നു. 1845-ല്‍ കൊച്ചി രാജാവ്‌ ശ്രീരാമവര്‍മ്മ തമ്പുരാന്‍ ഒരു പള്ളി പണിയാനുള്ള അവകാശം കൊടുത്തു. വിശുദ്ധ വര്‍ഗ്ഗീസിന്റെ പേരില്‍ സ്ഥാപിതമായ ഈ പള്ളിക്ക്‌ സ്ഥലം നിര്‍ദ്ദേശിച്ചത്‌ റസിഡന്റ്‌ മേജര്‍ കല്ലന്‍സായിപ്പായിരുന്നു. സ്‌കൂള്‍ - കോളേജ്‌ തലത്തിലുള്ള പ്രശസ്‌ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടാതെ വൃദ്ധന്മാക്കായി പ്രവര്‍ത്തിക്കുന്ന ദൈവപരിപാലനഭവനവും, വൃദ്ധകളെ സംരക്ഷിക്കുന്ന ശാന്തിസദനവും, മന്ദബുദ്ധികളായ കുട്ടികളെ പഠിപ്പിക്കുന്ന പ്രതീക്ഷാഭവനും ഇരിങ്ങാലക്കുടയുടെ ഭൗതികവും ആത്‌മീയവുമായ വികസനത്തിനായി ക്രിസ്‌തീയ സമൂഹം നല്‍കിയ സംഭാവനകളത്രെ. കെ.പി.എല്‍, കെ.എസ്‌.ഇ മുതലായ വ്യവസായ സ്ഥാപനങ്ങളുടെ സ്ഥാപകരും ക്രിസ്‌തീയ സംരഭകരുമാണ്‌.

വിജയനഗരത്തില്‍ നിന്നും വന്നെത്തിയ കമ്പളത്താന്മാരുടെ പിന്‍ഗാമികളായ തൊട്ടിയാന്മാര്‍ ഇരിങ്ങാലക്കുടയിലെ ഒരു സവിശേഷ വിഭാഗമത്രെ. ശബരിമല ഭക്തന്മാര്‍ അണിയുന്ന തുളസിക്കുരു മാലക്കെട്ടുന്ന ഇവര്‍ ഇക്കാരണം കൊണ്ടുതന്നെ ഇരിങ്ങാലക്കുടയുടെ പ്രശസ്‌തി വര്‍ദ്ധിപ്പിക്കുന്നു.

കലാസാഹിത്യരംഗം

അതിപ്രശസ്‌്‌തവും ശ്ലാഘനീയവുമായ സാംസ്‌ക്കാരിക പാരമ്പര്യം ഇരിങ്ങാലക്കുടയ്‌്‌ക്ക്‌ കൈമുതയായുണ്ട്‌. നളചരിതം എന്ന ഒറ്റ കൃതികൊണ്ട്‌ സാഹിത്യലോകത്ത്‌ ലബ്ധപ്രതിഷ്‌ഠ നേടിയ ഉണ്ണായിവാര്യര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള വാരിയത്താണ്‌ ജീവിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ ഓര്‍മ്മയ്‌ക്കായി സ്‌തുത്യര്‍ഹമായ വിധം പ്രവര്‍ത്തിച്ചുവരുന്ന ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം എന്ന കഥകളി വിദ്യാകേന്ദ്രം നാടെങ്ങും കേളികേട്ടതത്രെ.

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ പത്തുദിവസം അരങ്ങേറുന്ന പഞ്ചാരിമേളവും, സംഗീതകച്ചേരികളും, കഥകളിയും ഇരിങ്ങാലക്കുടക്കാരുടെ ക്ലാസ്സിക്കല്‍ കലകളോടുള്ള ആഭിമുഖ്യം വിളിച്ചോതുന്നു. കേരളത്തിലെ ലക്ഷണമൊത്ത കൂത്തമ്പലങ്ങളിലൊന്നിന്റെ ഇരിപ്പിടമെന്ന നിലയിലും അഭിമാനിക്കുവാന്‍ വകയുണ്ട്‌.

കൂടിയാട്ടത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അമ്മന്നൂര്‍ ഗുരുകുലം നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏറെ സ്‌മരണീയമാണ്‌. ഹാസ്യകലാപ്രതിഭയായിരുന്ന ചാച്ചു ചാക്യാരുടെ പാരമ്പര്യം നിലനിര്‍ത്തുക മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ പോലും തന്റെ അതുല്യ അഭിനയസിദ്ധികള്‍ പ്രദര്‍ശിപ്പിച്ച്‌ കീര്‍ത്തി നേടുകയും ചെയ്‌ത പത്മശ്രീ അമ്മന്നൂര്‍ മാധവചാക്യാര്‍ കൂടിയാട്ടരംഗത്ത്‌ പ്രാതഃസ്‌മരണീയനാണ്‌. മാധവചാക്യാരുടെ ജ്യേഷ്‌ഠന്‍ പരമേശ്വരന്‍ ചാക്യാരും, മരുമകന്‍ കുട്ടന്‍ ചാക്യാരും കൂടിയാട്ടത്തിന്‌ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. കൂടിയാട്ടത്തിന്റെ പരിപോഷണത്തോടൊപ്പം ഇതരകലാരൂപങ്ങളേയും ലോകശ്രദ്ധയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ അശ്രാന്തപരിശ്രമം ചെയ്‌ത്‌ വിജയം കൊയ്‌ത വേണുജി അമ്മന്നൂര്‍ മാധവചാക്യാരുടെ വത്സല ശിഷ്യന്‍ കൂടിയാണ്‌. വേണുജിയും അദ്ദേഹത്തിന്റെ പത്‌നിയും മോഹിനിയാട്ടരംഗത്തെ പ്രതിഭയുമായ നിര്‍മ്മലപണിക്കരും സാരഥ്യം വഹിക്കുന്ന നടനകൈരളി ലോകമെമ്പാടു നിന്നും കലാസ്‌നേഹികളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. ഡോ.കെ.എന്‍ പിഷാരടിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ കഥകളി ക്ലബ്ബ്‌ ഏറെ സുസ്‌ത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു കലാകേന്ദ്രമത്രേ.

സംഗീതരംഗത്തും ഇരിങ്ങാലക്കുടയ്‌ക്ക്‌ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്‌. വസന്തകോകിലം, സെബാസ്റ്റ്യന്‍ ജോസഫ്‌, നെല്ലിക്കല്‍ ഗോവിന്ദന്‍കുട്ടി പണിക്കര്‍, ആര്‍.പീതാംബരമേനോന്‍ എന്നീ സംഗീതജ്ഞര്‍ ശാസ്‌ത്രീയ സംഗീതരംഗത്ത്‌ ഏറെ സംഭാവനകള്‍ നല്‍കിയവരാണ്‌. ചലച്ചിത്ര ഗാനരംഗത്ത്‌ ശ്രദ്ദേയനായ പിന്നണി ഗായകന്‍ ജയചന്ദ്രന്‍ ഇരിങ്ങാലക്കുടയുടെ അഭിമാനമായി പരിലസിക്കുന്നു. ചലച്ചിത്ര ഗാനസംവിധായകരില്‍ ശ്രദ്ദേയനായ പ്രതാപ്‌സിംഗ്‌ ഇരിങ്ങാലക്കുടയില്‍ നിന്നും ഉയര്‍ന്നു വന്ന മറ്റൊരു കലാകാരനത്രെ. സംഗീതപോഷിണിസഭ, നാദോപാസന മുതലായ സംഘടനകള്‍ സംഗീതപോഷണത്തിനായി ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം കാഴ്‌ചവച്ചുക്കൊണ്ടിരിക്കുന്നു.

ചലച്ചിത്ര സംവിധാനരംഗത്ത്‌ സവിശേഷത പുലര്‍ത്തിയ ജെ.ഡി തോട്ടാന്‍, മോഹന്‍ എന്നിവരും, സുപ്രസിദ്ധ ഹാസ്യനടനും താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ ഇന്നസെന്റും, ശ്രദ്ദേയനായ ചലച്ചിത്ര-ടിവി താരവും, അമ്മയുടെ മറ്റൊരു ഭാരവാഹിയുമായ ഇടവേളബാബുവും ഇരിങ്ങാലക്കുടയുടെ സ്വന്തം പ്രതിഭകളാണ്‌. എം.എസ്‌ നമ്പൂതിരി, ഇവിടുത്തെ നാടകരംഗത്തെ ഒരു സജീവ സാന്നിദ്ധ്യമായിരുന്നു. കൃതഹസ്‌തരായ ജോസ്‌ പായമ്മല്‍, കലാലയം രാധ എന്നീ നാടകരംഗത്തെ പ്രതിഭകളും വിദേശത്തും തന്റെ അഭിനയസിദ്ധി പ്രകടിപ്പിച്ച ജിജോയ്‌ എന്ന യുവനടനും സമകാലിക നാടകവേദിയുടെ ഉള്‍ത്തുടിപ്പുകളേന്തുന്ന ഇരിങ്ങാലക്കുടക്കാരാണ്‌.

നാടന്‍പാട്ടുകളും, നാടന്‍കലകളും കൊണ്ട്‌ സമൃദ്ധമായ ഒരു പാരമ്പര്യം ഇരിങ്ങാലക്കുടക്കാര്‍ക്കുണ്ട്‌. നാട്ടറിവു പാട്ടുകളുടെ കലവറയായ പഴമക്കാരുടെ സംഘങ്ങള്‍ പകര്‍ന്നു നല്‍കിയ പാട്ടുകള്‍ അവതരിപ്പിക്കുന്ന ചെറുപ്പക്കാര്‍ ഇവിടെ ധാരാളമുണ്ട്‌. കാകളി, മുടിയാട്ടം, കുറത്തിയാട്ടം, കരകാട്ടം മുതലായ കലാരൂപങ്ങള്‍ ക്ഷേത്രോത്സവങ്ങളോടു കൂടി ഇവിടെ അരങ്ങേറാറുണ്ട്‌. ബ്രാഹ്മണിപ്പാട്ടിന്റേയും, തിരുവാതിരക്കളിയുടേയും ആചാര്യയായ സാവിത്രി ബ്രാഹ്മണിയമ്മ ഈ രണ്ട്‌ കലാരൂപങ്ങള്‍ക്കും പരിപോഷണം നല്‍കി വരുന്ന അഭിനന്ദ്യ കലാകാരിയത്രെ.

സാഹിത്യ രംഗത്തും പ്രഗത്ഭമതികളായ വ്യക്തിത്വങ്ങളെ കാഴ്‌ചവയ്‌ക്കുന്നതിന്‌ ഇരിങ്ങാലക്കുടക്കാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. സ്വാതിതിരുന്നാള്‍ മഹാരാജാവിന്റെ സദസ്യനായിരുന്ന കവി പട്ടത്ത്‌ കുഞ്ചുണ്ണി നമ്പ്യാര്‍ 'ജഗത്തൊക്കെ നന്നായി പരന്നിട്ടു പണ്ടേ ഇരിപ്പുണ്ട്‌ നേരെന്ന്‌ പേരായ വസ്‌തു ക്രമത്താലതിപ്പോള്‍ ചുരുങ്ങിച്ചുരുങ്ങി പണത്തോളമേയുള്ളുവെന്നായി വന്നു'

എന്ന സരസശ്ലോകവുമായി സാഹിത്യസദസ്സിലുദയം ചെയ്‌തു. ഭഗവത്‌ദൂത്‌ ഓട്ടന്‍തുള്ളല്‍, പഞ്ചസന്ധ ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ്‌ അദ്ദേഹം. കവിയും, പണ്ഡിതനുമായ മാപ്രാണം നാരായണ പിഷാരടി, 'ബാലപ്രിയ'യുടെ കര്‍ത്താവായ കല്ലങ്ങര പണ്ഡിതരാജന്‍ വിലിയ രാമപിഷാരടി, മറ്റനേകം കൃതികളോടൊപ്പം സംഗമസ്‌തോത്രം എന്ന പ്രസിദ്ധ കൃതിയുടെ കര്‍ത്താവായ തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പുതിരിപ്പാട്‌, കവിയും വിദ്വാനുമായിരുന്ന നമ്പ്യാരുവീട്ടില്‍ നാരായണമേനോന്‍ എന്നിവര്‍ സാഹിത്യലോകത്ത്‌ തിളങ്ങി നിന്ന ഇരിങ്ങാലക്കുടയുടെ സ്വന്തം പ്രതിഭകളാണ്‌.

സമകാലിക മലയാളസാഹിത്യനഭസ്സില്‍ പ്രഭ പൊഴിക്കുന്ന എഴുത്തുകാരുടെ നിരയില്‍ നോവലിസ്‌റ്റായ ആനന്ദ്‌, ജന്മംകൊണ്ട്‌ കൊടുങ്ങല്ലൂര്‍ക്കാരനെങ്കിലും കര്‍മ്മം കൊണ്ട്‌ ഏറെനാള്‍ ഇരിങ്ങാലക്കുടക്കാരനായ കവി സച്ചിദാനന്ദന്‍, യശഃശരീരനായ ചെറുകഥാകൃത്ത്‌ ടി.വി കൊച്ചുബാവ, ബാലസാഹിത്യക്കാരനായ കെ.വി രാമനാഥന്‍, നിരൂപകശ്രേഷ്‌ഠനായ മാമ്പുഴ കുമാരന്‍, ചെറുകഥാകൃത്ത്‌ അശോകന്‍ ചെരുവില്‍ എന്നിവര്‍ ആനുകാലികങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്‌. 'മായാവി' എന്ന ചിത്രകഥയിലൂടെ കുട്ടികള്‍ക്കേറെ പ്രിയങ്കരനായ മോഹന്‍ദാസും ഇരിങ്ങാലക്കുടക്കാരന്‍ തന്നെ.

സാഹിത്യസപര്യയുടെ തലത്തില്‍ വനിതാവിഭാഗത്തിന്റെ സംഭാവനകള്‍ ഒട്ടും ചെറുതല്ല. രാസക്രീഡ, സ്‌തവമാലിക തുടങ്ങി അനേകം കൃതികളുടെ രചയിതാവായ നാഗരുക്കോവില്‍ കല്യാണിക്കുട്ടിയമ്മ (തിരുവിതാംകൂര്‍ രാജാവ്‌ ആയില്യം തിരുന്നാളിന്റെ ധര്‍മ്മപത്‌നി) വിദൂഷിയും, ഒയ്യാരത്തു ചന്തുമേനോന്റെ സഹധര്‍മ്മിണിയുമായിരുന്ന കാഞ്ഞേളി ലക്ഷ്‌മിക്കുട്ടിയമ്മ, സുഭദ്രാ അന്തര്‍ജ്ജനം നാടകം തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച തോട്ടക്കാട്ട്‌ ഇക്കാവമ്മ എന്നിവര്‍ ഗതകാലത്തെ വിദൂഷികളായ സാഹിത്യക്കാരികളായിരുന്നു.

മല്ലായിപ്രിയയായ ഭാമസമരം ചെയ്‌തീലയോ? തേര്‍ തെളി- ച്ചില്ലേ പണ്ട്‌ സുഭദ്ര, പാരിതുഭരി- ക്കുന്നില്ലേ വിക്ടോറിയ മല്ലാക്ഷിമണികള്‍ക്കു പാടവമിവ- ക്കെല്ലാം ഭവിച്ചീടുകില്‍ ചൊല്ലേറും കവിതക്കുമാത്രമിവരാ- ളല്ലെന്നു വന്നീടുമോ?

എന്ന തോട്ടക്കാട്ട്‌ ഇക്കാവമ്മയുടെ വരികള്‍ സ്‌ത്രീ ശാക്തീകരണത്തിന്റെ ഒരുണര്‍ത്തു പാട്ടുകൂടിയായി കണക്കാക്കാം. റേഡിയോ നാടകരംഗത്തും രചനാരംഗത്തും തനതായ വ്യക്തിത്വം പുലര്‍ത്തുന്ന പ്രൊഫ.സാവിത്രി ലക്ഷ്‌മണന്‍, ചെറുകഥാകൃത്തുക്കളായ കെ.രേഖ, റോഷ്‌നി സ്വപ്‌ന, ഹിത ഈശ്വരമംഗലം, ചിത്രക്കാരിയും ലേഖികയുമായ കവിതാബാലകൃഷ്‌ണന്‍ തുടങ്ങിയ സമകാലികരായ എഴുത്തുക്കാരികളുടെ ഒരുനിര തന്നെ ഇരിങ്ങാലക്കുടയ്‌ക്ക്‌ സ്വന്തമായുണ്ട്‌.

വിദ്യാഭ്യാസ രംഗം

ചരിത്ര സ്‌മരണകളുറങ്ങുന്ന ഗവണ്‍മെന്റ്‌ ബോയ്‌സ്‌ സ്‌കൂള്‍, ഒന്നേക്കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹൈസ്‌കൂള്‍ എന്നിവയാണ്‌ ഇവിടുത്തെ ഏറ്റവൂം പഴക്കം ചെന്ന വിദ്യാ കേന്ദ്രങ്ങള്‍. ഇവ കൂടാതെ നാഷ്‌ണല്‍ ഹൈസ്‌കൂള്‍, ലിസ്യു കോണ്‍വെന്റ്‌ ഹൈസ്‌കൂള്‍, സെന്റ്‌ മേരീസ്‌ സ്‌കൂള്‍, ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍, എസ്‌.എന്‍ ഹൈസ്‌കൂള്‍ തുടങ്ങിയ പ്രഗത്ഭ വിദ്യാലയങ്ങള്‍ പലതും ഇരിങ്ങാലക്കുടയ്‌ക്ക്‌ മാറ്റു കൂട്ടുന്നു. യു.ജി.സിയുടെ നാക്‌ അക്രഡിറ്റേഷന്‍ എ ഗ്രേഡ്‌ ലഭിച്ച ക്രൈസ്റ്റ്‌ കോളേജും, വനിത സെന്റ്‌ ജോസഫ്‌സ്‌ കോളേജും ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ അതിശ്രേഷ്‌ഠമായ സേവനങ്ങള്‍ കാഴ്‌ചവച്ചു നിലക്കൊള്ളുന്നു. പത്മവിഭൂഷണ്‍ ഫാ.ഗബ്രിയേലിന്റെ അശ്രാന്തപരിശ്രമമാണ്‌ ഈ രണ്ടു കലാലയങ്ങളുടേയും ആരംഭത്തിനും ഇന്നത്തെ സമുന്നത പദവിയ്‌ക്കും നിദാനമായത്‌. റവ.സി.ഫ്രാങ്കോയുടെ നേതൃത്വത്തില്‍ സ്‌ത്രീ വിദ്യാഭ്യാസ രംഗത്ത്‌ ഏറെ സംഭാവനകള്‍ നല്‍കിയ സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ സ്‌ത്രീകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികളുമായി മുന്നേറുന്നു.

സേവനനിരതരും പ്രഗത്ഭമതികളുമായ അദ്ധ്യാപക ശ്രേഷ്‌ഠരുടെ ഒരു ശ്രേണിതന്നെ ഇരിങ്ങാലക്കുടയ്‌ക്ക്‌ സ്വന്തമായുണ്ട്‌. കലാസ്വാദകനും, സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ഡോക്ടര്‍ കെ.എന്‍ പിഷാരടി കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പലും പ്രസിദ്ധ ഭിഷഗ്വരനുമായിരുന്നു. മികച്ച അദ്ധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌ക്കാര ജേതാക്കളായ ഇ.എം ഹരിഹരന്‍ മാസ്റ്റര്‍, സിദ്ധിഖ്‌ മാസ്റ്റര്‍, പി.കെ ഭരതന്‍ മാസ്റ്റര്‍, ബുഷറ ടീച്ചര്‍ എന്നിവര്‍ ഇരിങ്ങാലക്കുടയുടെ യശോധാവള്യം പരത്തിയ അദ്ധ്യാപകരാണ്‌. മലയാളത്തിന്റെ പ്രിയങ്കരനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഗവ.ബോയ്‌സ്‌ ഹൈസ്‌കൂളില്‍ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ബാലസാഹിത്യക്കാരനായ കെ.വി രാമനാഥന്‍ മാസ്റ്റര്‍ അദ്ധ്യാപക അവാര്‍ഡ്‌ ജേതാവ്‌ കൂടിയാണ്‌ എന്നതും സ്‌മരണീയമത്രെ. ചാന്ദ്രയാനിലൂടെ ഭാരതത്തെ ബഹിരാകാശപര്യവേഷണ മേഖലയുടെ ആഗോളതല പ്രശസ്‌തിയിലേക്കുയര്‍ത്തിയ ഐ.എസ്‌.ആര്‍.ഒയുടെ ഡയറക്ടര്‍ ഇരിങ്ങാലക്കുടക്കാരനായ ഡോ.രാധാകൃഷ്‌ണനാണ്‌ എന്നത്‌ ഏറെ അഭിമാനാര്‍ഹമാണ്‌. അര്‍ബുദ ചികിത്സാ രംഗത്ത്‌ അദ്വിതീയനായ ഡോ.വി.പി ഗംഗാധരനും ഇരിങ്ങാലക്കുടയുടെ സന്തതിയത്രെ. ഇത്തരത്തില്‍ അക്കാദമിക തലത്തില്‍ അന്തര്‍ദേശീയവും ദേശീയവുമായ പുരസ്‌ക്കാരങ്ങള്‍ നേടിയ ഇനിയും ധാരാളം പ്രതിഭകള്‍ ഇന്നാട്ടുകാരായുണ്ട്‌.

നവോത്ഥാന പ്രസ്ഥാനങ്ങളും സമരവീഥിയും

കേരളത്തിലെ സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റേയും രാഷ്ട്രീയരംഗത്തിന്റേയും വളര്‍ച്ചയില്‍ ഇരിങ്ങാലക്കുട വഹിച്ചിട്ടുള്ള പങ്ക്‌ നിസ്‌തുലമാണ്‌.

കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡില്‍ കൂടി അവര്‍ണ്ണര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിരുന്നതിനെതിരെ 1946-ല്‍ സംഘടിപ്പിച്ച കുട്ടന്‍കുളം സമരം ഏറെ ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. പി.കെ കുമാരനും, കെ.വി.കെ വാര്യരും നയിച്ച പ്രസ്‌തുത സമപരത്തില്‍ 'രാജവാഴ്‌ച അറബിക്കടലില്‍' എന്ന മുദ്രാവാക്യം അലയടിച്ചുയര്‍ന്നു. 1926-28 കാലഘട്ടത്തില്‍ തന്നെ ഗാന്ധിയന്‍ ആദര്‍ശങ്ങളും ഖാദി പ്രചാരണവും ഇരിങ്ങാലക്കുടയില്‍ വ്യാപകമായിത്തീര്‍ന്നിരുന്നു. 1930-ല്‍ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച്‌ വട്ടപ്പറമ്പില്‍ രാമമേനോന്‍ പയ്യന്നൂര്‍ വച്ചു അറസ്റ്റു വരിച്ചു.

1932-ലെ ഗുരുവായൂര്‍ക്ഷേത്ര പ്രവേശനജാഥയ്‌ക്ക്‌ ഇരിങ്ങാലക്കുടയില്‍ വന്‍ സ്വീകരണം നല്‍കിയതും. ഹരിജനസേവാസംഘത്തിന്റെ നേതൃത്വത്തില്‍ ഒരു നിശാപാഠശാല ആരംഭിച്ചതും സാമൂഹ്യപരിവര്‍ത്തനത്തിലേക്കുള്ള പുത്തന്‍കാല്‍വയ്‌പ്പുകളായിരുന്നു. ഹരിജനസേവക്‌ സംഘത്തിന്റെ പ്രസിഡണ്ടായി പനമ്പിള്ളി ഗോവിന്ദമേനോനും കമ്മറ്റിയംഗങ്ങളായി കെ.ഗോപാലമേനോന്‍, വട്ടപ്പറമ്പില്‍ സീതമ്മ, ടി.രാമവാര്യര്‍ എന്നിവരും പ്രവര്‍ത്തിച്ചു വരുന്നു. ഇതേ കാലഘട്ടത്തില്‍ തന്നെയാണ്‌ ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദര്‍ശനവും നടന്നത്‌. കാട്ടൂര്‍ റോഡിന്റെ വടക്കുഭാഗത്തുള്ള പാടത്തു വച്ചു നടന്ന സമ്മേളനത്തില്‍ വട്ടപ്പറമ്പില്‍ സുഭദ്ര, മാരാത്ത്‌ രാജേശ്വരി എന്നിവര്‍ തങ്ങളുടെ ആഭരണങ്ങള്‍ ഗാന്ധിജിയുടെ ഫണ്ടിലേക്ക്‌ സംഭാവന ചെയ്യുകയുണ്ടായി.

1942 ജനുവരി 9, 10, 11 തിയ്യതികളില്‍ കൊച്ചി പ്രജാമണ്ഡലത്തിന്റെ സമ്മേളനം നടത്താനിരുന്നത്‌ ഗവണ്‍മെന്റ്‌ നിരോധിച്ചപ്പോള്‍ അതിനെതിരായി വട്ടപ്പറമ്പില്‍ ശങ്കരന്‍കുട്ടിമേനോന്‍, ഇ.ഗോപാലകൃഷ്‌ണമേനോന്‍, എം.ടി കൊച്ചുമാണി എന്നിവരുടെ നേതൃത്വത്തിലരങ്ങേറിയ സംഭവങ്ങള്‍ സ്വാതന്ത്രൃസമരചരിത്രവുമായി അണിചേര്‍ന്നു നില്‍ക്കുന്നു. ജനുവരി 11നു തികച്ചും സാഹസികമായി പോലീസ്‌ സ്‌ന്നാഹത്തെ കബളിപ്പിച്ച്‌ അയ്യങ്കാവു മൈതാനത്തു ഇവര്‍ ദേശീയ പതാക ഉയര്‍ത്തുക തന്നെ ചെയ്‌തു. ക്രൂരമായ പോലീസ്‌ മര്‍ദ്ദനത്തിനരയായ ശങ്കരന്‍കുട്ടിമേനോന്റെ ഒരു ചെവിയുടെ കേള്‍വി ന്‌ഷ്ടപ്പെടുകയുണ്ടായി.

സ്വാതന്ത്രൃസമര ചരിത്രത്തിലെ നിര്‍ണ്ണായകഘട്ടമായ ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ അലയൊലികള്‍ ഇരിങ്ങാലക്കുടയിലും പ്രതിധ്വനിച്ചിരുന്നു. പോലീസിന്റെ പീഡനത്തെ ഭയന്ന്‌ ഇരിങ്ങാലക്കുട ബോയ്‌സ്‌ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ തട്ടിന്‍പുറത്ത്‌ കയറിയതും, മുകളിലേക്ക്‌ വരാന്‍ ഉദ്യമിക്കുന്നവരുടെ ദേഹത്ത്‌ തട്ടിയിടാനായി ബഞ്ചുകള്‍ കോണിവാതിലില്‍ കൂട്ടിയിട്ടതും പിന്നീട്‌, അവ പോലീസുകാരുടെ മേല്‍ വലിച്ചെറിഞ്ഞതുമായ സംഭവത്തെ ബഞ്ചേറു സമരം എന്ന പേരില്‍ പ്രജാമണ്ഡല ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രസ്‌തുത സ്‌കൂളിലെ അദ്ധ്യാപകരായിരുന്ന ധര്‍മ്മരാജ അയ്യര്‍, ഇ.എം ഹരിഹരന്‍ എന്നിവരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ബഞ്ചേറു നടന്നില്ല എന്നതായിരുന്നു വാസ്‌തവം. (സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഇത്തരത്തില്‍ സമാധാനം സൃഷ്ടിച്ചതിനെപ്പറ്റിയുള്ള പരാമര്‍ശം ദേശീയ അവാര്‍ഡ്‌ നിര്‍ണ്ണയ വേളയില്‍ ഇ.എം ഹരിഹരന്‍ മാസ്റ്റര്‍ക്ക്‌ അനുകൂലമായി ഭവിക്കുകയുണ്ടായി. സഖാവ്‌ കെ.വി.കെ വാര്യരുടെ നേതൃത്വത്തില്‍ നഗരത്തിലെ പാട്ടകൃഷിക്കാരേയും കുടികിടപ്പുക്കാരേയും സംഘടിപ്പിച്ചു നടത്തിയ നടവരമ്പുസമരവും ഏറെ ഒച്ചപ്പാടുയര്‍ത്തിയ ജനകീയ മുന്നേറ്റമായിരുന്നു.

വ്യവസായമേഖല

വാണിജ്യ-വ്യവസായ തലങ്ങളില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നുണ്ട്‌. മേച്ചിലോട്‌ വ്യവസായത്തിന്റെ സാങ്കേതിക വശങ്ങള്‍ ഷോര്‍ണ്ണൂര്‍ നിന്നും പഠിച്ചെടുത്ത്‌ കളിമണ്ണ്‌ ധാരാളമായി ലഭിച്ചിരുന്ന കരുവന്നൂര്‍ കേന്ദ്രീകരിച്ച്‌ ഓട്ടുകമ്പനികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അലൂമിനിയം, പിച്ചള, ഉരുക്ക്‌ മുതലായ ലോഹങ്ങളുപയോഗിച്ച്‌ വിവിധ തരത്തിലുള്ള പാത്രങ്ങളും നിര്‍മ്മിക്കുന്ന വിദ്യ കരഗതമാക്കി പ്രവൃത്തിപദത്തിലെത്തിച്ചത്‌ ഇവിടുത്തെ ക്രിസ്‌തീയ വിഭാഗമായിരുന്നു. പ്രമുഖ വ്യവസായ സ്ഥാപനമായ ആലേങ്ങാടന്‍ ഗ്രൂപ്പിന്റെ എ.കെ.പി മെറ്റല്‍സ്‌ ഈ രംഗത്ത്‌ ഇരിങ്ങാലക്കുടയ്‌ക്ക്‌ ഒരു തിലകക്കുറിയായി വിലസുന്നു. കാലിത്തീറ്റ നിര്‍മ്മാണത്തില്‍ സംസ്ഥാനത്തെ അറിയപ്പെടുന്ന സ്ഥാപനമാണ്‌ കേരള സോള്‍വെന്റ്‌ എക്‌സ്‌ട്രാക്ഷന്‍സ്‌. വെളിച്ചെണ്ണ വ്യവസായത്തിന്റെ നട്ടെല്ലായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന കെ.പി.എല്‍ മറ്റൊരു പ്രമുഖ വ്യവസായ സ്ഥാപനമത്രെ. ഇരിങ്ങാലക്കുടയുടെ പ്രാന്തപ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കശുവണ്ടികമ്പനികളും വ്യവസായ രംഗത്ത്‌ ഉണര്‍വ്വുണ്ടാക്കിയിട്ടുണ്ട്‌. സി.ആര്‍ കേശവന്‍വൈദ്യരുടെ നേതൃത്വത്തില്‍ ആരംഭിച്ച എസ്‌.വി പ്രോഡക്ട്‌സ്‌ സ്‌നാന സോപ്പായ 'ചന്ദ്രിക'യുടെ നിര്‍മ്മാണത്താല്‍ ശ്രദ്ധ പിടിച്ചു പറ്റി. ചന്ദ്രിക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന സ്‌കൂള്‍, ലൈബ്രറി, ലാല്‍ മെമ്മോറിയല്‍ ആശുപത്രി എന്നിവയും ശ്രദ്ദേയസ്ഥാനം അര്‍ഹിക്കുന്നു. നല്ല ആയ്യുര്‍വ്വേദ വൈദ്യനെന്നതിലുപരി മനുഷ്യസ്‌നേഹിയും ഉദാരമനസ്‌ക്കനുമായിരുന്നു ശ്രീ സി.ആര്‍ കേശവന്‍വൈദ്യര്‍. വിദേശരംഗത്ത്‌ വ്യവസായ പുരോഗതി കൈവരിച്ച കാട്ടിക്കുളം ഭരതന്റെ പ്രവര്‍ത്തനങ്ങള്‍ ഇരിങ്ങാലക്കുടയ്‌ക്കും സാംസ്‌ക്കാരിക വ്യവസായിക മേഖലകളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്‌. നഗരത്തിന്റെ വാണിജ്യവത്‌ക്കരണത്തില്‍ സമുന്നതമായ പങ്ക്‌ വഹിച്ചിട്ടുള്ള കൊച്ചി ദിവാന്‍ ഷണ്‍മുഖം ചെട്ടിയുടെ സ്‌മരണ നിലനിര്‍ത്തുന്ന ഷണ്‍മുഖം കനാല്‍ ഇരിങ്ങാലക്കുട ചന്തയിലേക്ക്‌ ചരക്കുകള്‍ കൊണ്ടുവന്നിരുന്ന പ്രധാന ജലമാര്‍ഗ്ഗമായിരുന്നു. ഇന്ന്‌ ശോചനീയാവസ്ഥയില്‍ കിടക്കുന്ന ഈ കനാല്‍ പുനരുദ്ധരിച്ചാല്‍ നഗരത്തിന്‌ അതിന്റെ പഴയ വാണിജ്യപ്പെരുമ വീണ്ടെടുക്കാനാകും. പ്രസിദ്ധമായ ഇരിങ്ങാലക്കുട ചന്തയില്‍ കനത്ത കച്ചവട പ്രക്രിയ നടന്നിരുന്നതായി ചരിത്രരേഖകള്‍ തെളിയിക്കുന്നുണ്ട്‌.

വിവിധസംഘടനകള്‍

ശ്രീ എം.സി ജോസഫിന്റെ നേതൃത്വത്തിലാരംഭിച്ച യുക്തിവാദിപ്രസ്ഥാനം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റായിരുന്നു. ചാത്തനേറ്‌, പ്രേതബാധ മുതലായ വിശ്വാസങ്ങളെ നീക്കുന്നതിന്‌ പ്രസ്‌തുത പ്രസ്ഥാനവും യുക്തിവാദി മാസികയും സഹായകമായി. വിവിധ സമുദായ സംഘടനകളുടെ സാന്നിദ്ധ്യം ഇരിങ്ങാലക്കുടയില്‍ സജീവമായി കാണാം. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി നടന്നു വരുന്നു. എന്‍.എസ്‌.എസിന്റെ സംസ്ഥാന പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു വന്ന പനമ്പിള്ളി രാഘവമേനോനും, രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന പുത്തൂര്‍ അച്യുതമേനോനും ഏറെ ശ്രദ്ധയര്‍ഹിക്കുന്ന വ്യക്തിത്വങ്ങളായിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തിന്‌ ഏറെ പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തോടനുബന്ധിച്ചു വരുന്ന ശ്രീനാരായണ സമാജം, ശ്രീനാരായണ ക്ലബ്ബ്‌, എസ്‌.എന്‍.ഡി.പിയുടെ വിവിധ ശാഖകള്‍ എന്നിവ പ്രമുഖ സ്ഥാനമര്‍ഹിക്കുന്നു. സാമുദായിക പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ വിവിധ സാംസ്‌ക്കാരിക സമ്മേളനങ്ങളും ക്ലാസ്സുകളും പ്രസ്‌തുത വിഭാഗങ്ങള്‍ സ്ഥിരമായി സംഘടിപ്പിക്കുന്നുണ്ട്‌. യോഗക്ഷേമസഭ, പിഷാരടിസമാജം, കെ.പി.എം.എസ്‌ തുടങ്ങി വിവിധ സമുദായങ്ങളുടെ സംഘടനശാഖകള്‍ ഇരിങ്ങാലക്കുടയില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു വരുന്നു. റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെ കീഴിലുള്ള സി.എല്‍.സി, മാതൃസംഘം മുതലായ നിരവധി സംഘടനകളും, മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനായുള്ള വിവിധ സംഘടനകളും ഇവിടെ നിലവിലിരിക്കുന്നു.

ആതുരസേവനരംഗം

സര്‍ക്കാര്‍ ആശുപത്രി കൂടാതെ പ്രശസ്‌തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റല്‍, മെറീന ഹോസ്‌പിറ്റല്‍, ലാല്‍ മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍ തുടങ്ങിയവയും ആയ്യുര്‍വ്വേദ ആശുപത്രിയും ആതുരസേവനരംഗത്ത്‌ സംഭാവനകള്‍ നല്‍കി വരുന്നു. വിദേശരാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ധാരാളം ഇരിങ്ങാലക്കുടക്കാരായ ഭിഷഗ്വരന്മാര്‍ സേവനം അനുഷ്‌ഠിക്കുന്നുണ്ട്‌. പഴയ കാലത്തെ പ്രസിദ്ധ ഡോക്ടര്‍മാരില്‍ ഡോ.ഒ.കെ മാധവിയമ്മ, ഡോ.വി.ജെ പാപ്പു, ഡോ.ഐപ്പ്‌ തുടങ്ങിയവര്‍ സ്‌മരണീയരാണ്‌. ഹോമിയോപ്പതി ചികിത്സാ രംഗത്ത്‌ വിദഗ്‌ദ സേവനം നടത്തുന്ന ചികിത്സകരും, റൈക്കി മുതലായ Alternative Medicine ന്റെ പ്രയോക്താക്കളായ വ്യക്തികളും ചികിത്സാരംഗത്ത്‌ സക്രിയമായി തുടരുന്നുണ്ട്‌.

രാഷ്ട്രീയ രംഗം

നിലവിലിരിക്കുന്ന എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടേയും അനുയായികളും ഓഫീസുകളും നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും രാഷ്ട്രീയമായ സംഘര്‍ഷങ്ങളോ ഏറ്റുമുട്ടലുകളോ ഇവിടെ കാണാനാകുന്നില്ല എന്നത്‌ ഒരു സവിശേഷതയത്രെ. പ്രശസ്‌ത വാഗ്മിയും നേതാവുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ മുതല്‍ ധാരാളം രാഷ്ട്രീയ നിപുണര്‍ ഇരിങ്ങാലക്കുടയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മുകുന്ദപുരം എം.പിയും, ചാലക്കുടി എം.എല്‍.എയുമായി സേവനമനുഷ്‌ഠിച്ച പ്രൊ.സാവിത്രി ലക്ഷ്‌മണന്‍, കൊടുങ്ങല്ലൂര്‍ മുന്‍ എം.എല്‍.എയും, കേരള വനിത കമ്മീഷന്‍ അംഗവുമായ പ്രൊഫ.മീനാക്ഷി തമ്പാന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ.റോസ്‌ വില്യംസ്‌ എന്നിവര്‍ അദ്ധ്യാപകവൃത്തിയില്‍ നിന്നും രാഷ്ട്രീയരംഗത്ത്‌ എത്തിച്ചേര്‍ന്ന്‌ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളാണ്‌.സി.അച്യുതമേനോന്‍, കെ.ടി അച്യുതന്‍, പി.ഗോവിന്ദപ്പിള്ള തുടങ്ങിയ പ്രമുഖര്‍, ഇരിങ്ങാലക്കുടയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍പ്പെടുന്നു.

അഡ്വ.കെ.കെ തമ്പാന്‍, അമ്മനത്ത്‌ രാധാകൃഷ്‌ണന്‍ എന്നിവര്‍ രാഷ്ട്രീയരംഗത്ത്‌ തെളിഞ്ഞ്‌ നിന്നിരുന്ന മണ്‍മറഞ്ഞുപോയ പ്രതിഭകളാണ്‌. മുകുന്ദപുരം എം.പിയും പല പ്രാവശ്യം എം.എല്‍.എയുമായ ലോനപ്പന്‍ നമ്പാടന്‍ ഇരിങ്ങാലക്കുടക്കാര്‍ക്ക്‌ സുപരിചിതനത്രെ. ഇപ്പോഴത്തെ എം.എല്‍.എ തോമസ്‌ ഉണ്ണിയാടന്‍ ഇരിങ്ങാലക്കുടക്കാരനല്ലെങ്കിലും തനിമയെ നാട്ടുത്സവത്തിന്റെ സംഘാടകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഇരിങ്ങാലക്കുടയിലെ സജീവ സാന്നിദ്ധ്യമാണ്‌.

1936-ല്‍ സ്ഥാപിതമായ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ പ്രഗത്ഭരായ ചെയര്‍മാന്മാരും സാമാജികരും വിവിധ കാലഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുകയുമുണ്ടായി. കൊച്ചിരാജ്യത്തിലെ മൂന്നാമത്തേതും മുകുന്ദപുരം താലൂക്കിലെ ആദ്യത്തേതുമായ ഇരിങ്ങാലക്കുട നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ എം.എ വറീത്‌ ആയിരുന്നു. കെ.എ വാറുണ്ണി, എന്‍.എസ്‌ രാമകൃഷ്‌ണ അയ്യര്‍, വി.രാമമേനോന്‍, എം.പി കൊച്ചുദേവസ്സി, എം.സി പോള്‍, എം.പി ജോര്‍ജ്ജ്‌, എ.കെ പ്രസന്നന്‍ തുടങ്ങി അനേകം ചെയര്‍മാന്മാര്‍ നഗരസഭയില്‍ സുസ്‌ത്യര്‍ഹ സേവനമനുഷ്‌ഠിച്ചു.

ആനുകാലികങ്ങളും പത്രപ്രവര്‍ത്തന രംഗവും

സാക്ഷരതാ നിലവാരത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഈ നഗരത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാപത്രങ്ങളുടേയും ആനുകാലികങ്ങളുടേയും ഉപഭോഗം ശ്ലാഘനീയമാണ്‌. മാതൃഭൂമി, മലയാളമനോരമ, ദേശാഭിമാനി, ദീപിക, ഹിന്ദു, ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ മുതലായ ദിനപത്രങ്ങളും, രാഷ്ട്രദീപിക പോലുള്ള സായാഹ്നപത്രങ്ങളും, വിവിധ വനിതാവാരികകളും, ആരോഗ്യം, ജ്യോതിഷം, ഗൃഹനിര്‍മ്മാണം തുടങ്ങി വിവിധ രംഗങ്ങളില്‍ അറിവു പകരുന്ന മാസികകളും ഈ കൊച്ചുപട്ടണത്തില്‍ സുലഭമാണ്‌. പത്രപ്രവര്‍ത്തകരുടെ ഏകോപിത പ്രവര്‍ത്തനത്തിനുള്ള വേദിയായ പ്രസ്സ്‌ ക്ലബ്ബ്‌ മാതൃകാപരമായ രീതിയില്‍ കര്‍മ്മനിരതമായിരിക്കുന്നു. വര്‍ഷങ്ങളോളം പത്രപ്രവര്‍ത്തനരംഗത്ത്‌ സേവനമനുഷ്‌ഠിച്ച്‌ നമ്മെ വിട്ടു പോയ മൂര്‍ക്കനാട്‌ സേവ്യര്‍ ഇത്തരുണത്തില്‍ സ്‌മരണീയനാണ്‌. നഗരസഹൃദയത്തില്‍ സ്ഥാപിതമായിട്ടുള്ള ഡി.സി ബുക്ക്‌സിന്റെ പുസ്‌തകശാല വായനാപ്രേമികള്‍ക്ക്‌ ആശ്വാസമേകുന്നു.

വിവിധ മതങ്ങളുടേയും, വിശ്വാസങ്ങളുടേയും, രാഷ്ട്രീയത്തിന്റേയും സംഗമഭൂമിയാണ്‌ ഇരിങ്ങാലക്കുട. എങ്കിലും മത-രാഷ്ട്രീയ കലാപങ്ങള്‍ക്ക്‌ അതീതമായി വര്‍ത്തിക്കുന്ന സാംസ്‌ക്കാരിക ഔന്നത്യമാര്‍ന്ന ഒരു ജനതി ഇവിടെ നിവസിക്കുന്നു എന്നതാണു ഈ കൊച്ചുപട്ടണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ കലാസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ വേരോടിയതിന്റെ കാരണവും ഇതു തന്നെയാകാം.